ആദർശ ശുദ്ധി, സാമൂഹ്യ സദാചാര ബോധം, മാനുഷിക മൂല്യങ്ങളിലുള്ള വിശ്വാസം എന്നിവ മുറുകെ പിടിച്ച് പുരോഗമനാശ യങ്ങളുടെ അന്തസ്സത്തയെ ആവാഹിക്കാൻ വ്യഗ്രത പൂണ്ട് ഒതുങ്ങി ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനെ കുറിച്ച് സങ്കൽപിക്കാമെങ്കിൽ ,സ്നേഹ ബന്ധം കൊണ്ട് ഈ തറവാടിനെ തന്നിലേക്കടുപ്പിച്ച് നമ്മുടെയെല്ലാം ഹൃദയത്തിൽ സ്ഥാനം പിടിച്ച് പൊന്നേംപറമ്പത്ത് തറവാടിന്റെ ആദരം ഏറ്റുവാങ്ങുകയാണ് ബ്രഹ്മശ്രീ: മാവൂർ ചിറ്റാരി പാലക്കോൾ ഇല്ലത്ത് കേശവൻ നമ്പൂതിരി
സ്നേഹത്തിന്റെ കുളിർമയും കരുതലിന്റെ മാധുര്യവും, പങ്ക് വെക്കലിന്റെ സന്തോഷവും ഒരു പോലെ അനുഭവപ്പെടുന്ന ഈ വാർഷിക പൂജ ദിനത്തിൽ തറവാടിന്റെ ആദരം നൽകുന്നതിൽ ആഹ്ലാദഭരിതമായ ആവേശ തിമർപ്പിലാണ് നാമെല്ലാം ,കാരണം ആ സ്നേഹത്തിന്റെ അവകാശികൂടിയാണ് നമ്മൾ
കർമ്മ സംബന്ധമായ തന്റെ ചര്യകൾ അക്ഷീണം തുടർന്നു കൊണ്ടിരിക്കുന്ന ശ്രീ.കേശവൻ തിരുമേനി നമ്മെ അൽഭുതപ്പെടുത്തും. അടുക്കും ചിട്ടയുമുള്ള ജീവിതം ഒരു തപശ്ചര്യയാണെന്ന് പറയാനാണ് നാമിഷ്ടപ്പെടുക. സംസ്കാര സമ്പന്നമായ പാരമ്പര്യം ,സരളമായ പെരുമാറ്റം, ചിട്ടയായ ജീവിത രീതി ഇങ്ങിനെ താൻ നിലയുറപ്പിച്ച രംഗത്ത് ഈ നിറകുടം തുളുമ്പാതെ നിൽക്കുന്നു.
കുടുമ വെച്ച പഴമയും പൂണൂലിട്ട പുരോഗമന മനോഭാവവുമുള്ള കുടുംബത്തിൽ 1968 ലാണ് ജനനം. അച്ചൻ നാരായണൻ നമ്പൂതിരി , അമ്മ ശ്രീദേവി അന്തർത്ഥനം കൂടെപ്പിറപ്പുകളായി മൂന്നു പേരുണ്ട്.
മാവൂർ ഗവർമെണ്ട് ഹൈസ്കൂൾ ,മീഞ്ചന്ത അർട്സ് & സയൻസ് കോളേജ് എന്നിവടങ്ങളിലായിരുന്നു വിദ്യഭ്യാസം. പൂർവ്വികരിൽ നിന്നാണ് ആദ്യം വേദം പഠിച്ചത്. അരീക്കുളങ്ങര മുല്ലപ്പള്ളി വിഷ്ണു നമ്പൂരിയാണ് ഗുരുനാഥൻ’ .തുടർന്ന് ആലുവ തന്ത്ര വിദ്യാപീഠത്തിലാണ് താന്ത്രിക വിദ്യകൾ അഭ്യസിച്ചത്. കോഴിക്കോട് ,മലപ്പുറം, വയനാട് തുടങ്ങിയ ജില്ലകളിലെ പല പ്രധാന ക്ഷേത്രങ്ങളിലും താന്ത്രിക കർമ്മങ്ങൾ നടത്തി വരുന്നുണ്ട്.
ഭാര്യ ജിഷ അദ്ധ്യാപികയാണ്.ശ്രീനിധി, പാർവ്വതി എന്നീ രണ്ട് പെൺകുട്ടികളുണ്ട്.
പതിനേഴ് വർഷം മുൻപാണ് സ്നേഹത്തിന്റെ ഈ ഇന്ദ്രജാലക്കാരന് നാം കീഴ്പ്പെട്ടത്. തിരുമേനി ദേവിയെ തറയിലേക്കാവാ ഹിക്കുമ്പോൾ മഴ തുള്ളികൾ പുഷ്പ വൃഷ്ടി നടത്തിയത് അദ്ദേഹത്തിന്റെ കുടി ചൈതന്യ മായിരുന്നു .അന്നു മുതൽ ഗുരുവിന്റെ യും ഭഗവതിയുടെയും വാർഷികപൂജകളും വേർപാട് കർമ്മങ്ങളടക്കമുള്ള താന്ത്രിക കർമ്മങ്ങളും അദ്ദേഹത്തിന്റെ കാർമ്മികത്വത്തിലാണ് നടത്തുന്നത്.ഈ തറവാടിന് ലഭിച്ച ഒരു വരദാനമാണ് കേശവൻ തിരുമേനി.
ഉദാത്ത സംസ്കാരദ്യോതകമായ തേജസ്സുറ്റ ഐശ്വര്യമായ മുഖത്തിന് ഒരു ചൈതന്യ ഭാവമാണ്. ഇത് നമ്മെ കുടുതൽ അദ്ദേഹവുമായടുപ്പിക്കും . അദ്ദേഹവുമായി കുറച്ച് സംസാരിച്ചാൽ ഒരു വലിയ ആത്മീയാനുഭൂതിയാണ് ലഭിക്കുക
അഭിപ്രായങ്ങളും ,നിർദ്ദേശങ്ങളും ആവശ്യമായി വരുന്ന സന്ദർഭങ്ങളിലൊക്കെ അദ്ദേഹം നമ്മോടൊപ്പമുണ്ടായിരുന്നു. ആരെങ്കിലും തിരുമേനിയെ കുറിച്ച് സംസാരിക്കുന്നതു കേട്ടാൽ ഞങ്ങളുടെ തന്ത്രിയാണദ്ദേഹം എന്നു പറയും ,ഞങ്ങൾക്ക് മാത്രം അവകാശപ്പെട്ടത് എന്ന മട്ടിൽ. ഒരു പക്ഷെ നമ്മുടെ സ്വകാര്യ അഹങ്കാരമാണിത്.
ഭൂമി മനുഷ്യന്റേതല്ല, മനുഷ്യൻ ഭൂമിയുടെതാണെന്ന തിരിച്ചറിവുള്ള ,പ്രകൃതിയുമായി ഹൃദയൈക്യം സൂക്ഷിക്കുന്ന ,പ്രകൃതിയെ മാതാവായ് ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു പ്രകൃതി സ്നേഹികുടിയാണ് കേശവൻ തിരുമേനിയെന്നത് അദ്ദേഹം നട്ടു നനച്ചു വളർത്തുന്ന ഔഷധ തോട്ടങ്ങളും മറ്റും കണ്ടാൽ മനസ്സിലാകും
ഈ ഔന്യത്തിന് സ്നേഹം കൊണ്ട് തുന്നിയ പൊൻപട്ടണിയിക്കാൻ കുടുംബ കമ്മററി പ്രസിഡന്റ് ശ്രീ, സുധാകരനേയും വൈസ് പ്രസിഡന്റ് ബാലനേയും ക്ഷണിക്കുന്നു
( വാർഷിക പൂജ 2016 നോടനുബന്ധിച്ച കുടുംബ സംഗമത്തിൽ വെച്ച് തന്ത്രി കേശവൻ തിരുമേനിയെ ആദരിച്ചപ്പോൾ)

