ഓം ഗുരുവേ നമ: ഓം ഭദ്രകാള്യെ നമ:
പൊന്നേം പറമ്പത്ത് തറവാട്

ചരിത്ര പ്രസിദ്ധ മായ കോഴിക്കോട് നഗരത്തില്‍ നിന്നും തെക്ക് മാറി ഏതാണ്ട് പതിനൊന്ന് കിലോമീറ്ററിന് അടുത്തുള്ള ഫറോക്കിനടുത്ത് കരുവന്‍തുരുത്തിയിലെ കണിയാരില്‍ പറമ്പിലെ വീടാണ് തറവാടിന്റെ ആസ്ഥാനം.

മുന്‍പ് സമീപ സ്ഥലവും തെക്ക് ഭാഗത്തുള്ളതുമായ കരുവന്‍ തുരുത്തി പാലയില്‍ പടിക്കടുത്തായിരുന്നു തറവാടിന്റെ ആദ്യ കാരണവരുടെ ആവാസം. ഇന്ന് ഈ സ്ഥലത്ത് പൊന്നേംപറമ്പത്ത് എന്ന വീട്ടുപേരോടെ ഏതാനും മുസ്ലീം സമുദായക്കാരും മറ്റും താമസിക്കുന്നുണ്ട്്. ആദ്യ കാരണവര്‍ക്ക് മൂന്ന് മക്കളാണുണ്ടായിരുന്നത്. ചില ബ്രാഹ്മണന്മാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇവര്‍ പാലയില്‍ പടിയില്‍ നിന്ന് കണിയാരില്‍ പറമ്പിലേക്ക് താമസം മാറ്റി.

രണ്ടാം തലമുറയിലെ മൂന്നു പേര്‍ക്കുള്ള അഞ്ച് മക്കളാണ് ഇന്നത്തെ അഞ്ച് താവഴിയായി മാറിയത്. ഈ അഞ്ച് പേരും വിവാഹിതരായ ശേഷം മാറി താമസിച്ചു തുടങ്ങി മുതിര്‍ന്ന ആള്‍ കണിയാരില്‍ വീട്ടില്‍ തന്നെ നിന്നു മറ്റു നാലു പേര്‍ യഥാക്രമം താനിപുറത്തേക്കും, പടന്നയിലേക്കും കുന്നത്തേക്കും പുല്ലൂര്‍ തൊടിയിലേക്കും താമസം മാറുകയാണുണ്ടായത്. ഇവര്‍ താമസിച്ചിരുന്ന പറമ്പിന്റെ പേരിലാണ് പിന്നീട് താവഴി പേര്‍ വന്നത്. ആദ്യ കാരണവരില്‍ നിന്നു തുടങ്ങിയ വംശ വര്‍ദ്ധനവ് കൊണ്ട് ഒരു വട വൃക്ഷം പോലെ ഫറോക്കിനടുത്തും കരുവന്‍തുരുത്തിയിലും മറ്റു സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്ന പൊന്നേം പറമ്പത്ത് തറവാട്ടുകാര്‍ മലബാറിലെ വലിയതും പുരാതനവുമായ തറവാട്ടുകാരില്‍ ഒന്നാണ്.

ആദ്യ കാരണവരാല്‍ ഉപാസിക്കപ്പെട്ട കുടുംബ ധര്‍മ്മ ദൈവമായ അമ്മ കൊടുങ്ങല്ലൂര്‍ വിതാനത്തിലുള്ള ഭഗവതിയാണ്. ആവലാതികള്‍ ബോധിപ്പിക്കുമ്പോള്‍ ആശ്വാസം നല്‍കി അനുഗ്രഹിക്കുന്ന ഭാവമുള്ള അമ്മ. അമ്മ ദൈവാരാധന എല്ലാ സംസ്‌കാരങ്ങളുടെയും ആദ്യ രൂപത്തില്‍ കണ്ടുവരുന്നു. അമ്മ മക്കളെ സ്‌നേഹിക്കുകയും ലാളിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ അമ്മയ്ക്കു സ്‌നേഹം മാത്രമേയുള്ളൂ. സ്‌നേഹത്തിന്റെ തീവ്രതയാണ് ഭീകരതയാണെന്നുപോലും തോന്നിപ്പിക്കുന്നത്. വെള്ളത്താമരപ്പൂവില്‍ മാണിക്യ വീണയുമായി ഇരിക്കുമ്പോഴും ചെന്താമരയില്‍ നിധികുംഭവുമായി നില്‍ക്കുമ്പോഴും, യുഗാന്തത്തില്‍ പതിയുടെ താണ്ഡവത്തിന് അനുരോധമായി ലാസ്യനടനമാടുമ്പോഴും അമ്മ അമ്മതന്നെ. വട്ടക വാളും ശൂലവും പാനപാത്രവും ദാരിക ശിരസുമായി നില്‍ക്കുന്ന ഭദ്രകാളിയും, സിംഹാരൂഡമായി മഹിഷാസുര മര്‍ദ്ദനം നടത്തുന്ന ദുര്‍ഗ്ഗയും പൊന്‍ കോരികയും ചട്ടുകവും കൊണ്ട് മക്കളെ ഊട്ടുന്ന അന്ന പൂര്‍ണേശ്വരിയും . വലം കൈയ്യാല്‍ ഇടതു മുല
പറിച്ചെറിഞ്ഞ് മധുരാനഗരത്തെ തീക്കടലാക്കുന്ന കണ്ണകിയെന്ന പത്തിനികടവുകളും, വാല്‍ക്കണ്ണാടിയുമായി ഏഴിലം പാലചുവട്ടില്‍ നില്‍ക്കുന്ന മോഹിനി യക്ഷിയും, സ്വയം വര മാലയുമായി വരനെയും കാത്തിരിക്കുന്ന നിത്യകുമാരിയും. കന്നിയയ്യപ്പന്‍മാര്‍ വരുന്നുണ്ടോ എന്ന് ഉല്‍കണ്ഠാപൂര്‍വ്വം നോക്കിയിരുന്ന് നിരാശയിലാഴുന്ന മാളികപ്പുറത്തമ്മയും ഇത്തരത്തിലുള്ള എണ്ണിയാല്‍ ഒതുങ്ങാത്ത നാമരൂപങ്ങളെല്ലാം അമ്മയുടെ ഭേദപ്രഭേദങ്ങളാണ്. മനുഷ്യന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും നിര്‍മ്മലമായ, നിശ്വാര്‍ത്ഥമായ, ശക്തമായ വാത്സല്യം മാതൃ സ്‌നേഹം തന്നെയാണ്. അമ്മയുടെ മുന്‍പില്‍ ഹൃദയം തുറന്ന് കരയാം. അവര്‍ സ്വാന്തനിപ്പിക്കും. ആഹ്‌ളാദ തിമിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഒപ്പം ജയഭേരി മുഴക്കും. ആത്മ പ്രശംസ നടത്തിയാല്‍ അസൂയ തോന്നാതെ പ്രോത്‌സാഹിപ്പിക്കും. അതിനാലായിരിക്കണം മാതൃ സങ്കല്‍പ്പത്തിന് പ്രാധാന്യം മണ്‍മറഞ്ഞ കാരണവര്‍ കല്‍പ്പിച്ചത്.

കൊല്ലവര്‍ഷം 1175 ധനു മാസം 4,5 തീയ്യതികളില്‍ കണിയാരില്‍ വീട്ടില്‍ വെച്ച് ദേവാരാധന വിഷയത്തിലുള്ള അഷ്ട മംഗല്യ പ്രശ്‌നം നടത്തി. 1175 കുംഭ മാസം 11 മുതല്‍ 14 വരെയുള്ള തിയ്യതികളില്‍ അഷ്ട മംഗല്യ പ്രശ്‌നത്തിലെ പരിഹാര കര്‍മ്മങ്ങള്‍ ചെയ്യുകയും പൂര്‍വ്വാചാര പ്രകാരം ആരാധിച്ചുവരുന്ന ആദ്യകാരണവരായ ഗുരുവിനെയും, കൊടുങ്ങല്ലൂര്‍ വിതാനത്തിലുള്ള ഭഗവതിയെയും കിഴക്കോട്ട് അഭിമുഖമായി മറ്റു ഉപാധികളില്ലാതെ സങ്കല്‍പ്പിച്ച് ലയിപ്പിച്ച് ഉത്തമ വിതാനത്തില്‍ ആചരിച്ചുവരുന്നുണ്ട്. രണ്ട് നേരങ്ങളിലും വിളക്ക് വച്ച് പ്രാര്‍ത്ഥിക്കാറുണ്ട്. എല്ലാ മലയാള മാസത്തിലേയും രണ്ടാമത്തെ വെള്ളിയാഴ്ച വിശേഷാല്‍ പൂജകള്‍ നടത്താറുണ്ട്. കുംഭമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച വാര്‍ഷിക പൂജാദിനമായി നിശ്ചയിച്ച ദിവസമാണ് .

വാര്‍ഷിക പൂജാദിനത്തില്‍ തന്ത്രി മാവൂര്‍ ചിറ്റാരിക്കര പാലക്കൊള്ള് ഇല്ലം കേശവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിപാവനമായ താന്ത്രിക കര്‍മ്മങ്ങളും നടത്താറുണ്ട്. വാര്‍ഷിക പൂജാദിനത്തിന്റെ തലേ ദിവസം പ്രകാരത്തിന്റെ പുറത്ത് വെച്ച് മുത്തപ്പനും, ദേവിയുടെ പരിവാരങ്ങള്‍ക്കും നിവേദ്യം നല്‍കാറുണ്ട്.വാര്‍ഷിക പൂജാദിനത്തില്‍ കുടുംബാംഗങ്ങളുടെ മനസ്സും താളവും സാന്നിദ്ധ്യവും നിറഞ്ഞ് നില്‍ക്കാറുണ്ട്. സ്‌നേഹ മസൃണമായ മനസ്സുകള്‍ ഒന്നുകൂടി സൗഹൃദം ഊട്ടിയുറപ്പിക്കാറുണ്ട്. കഴിഞ്ഞുപോയ കാലങ്ങളെയും കൊഴിഞ്ഞുപോയ പൂര്‍വ്വികരെയും സ്മരിക്കാറുണ്ട് . വലിയ ഒരു കൂട്ടായ്മയുടെ ഫലമായുണ്ടായ സ്‌നേഹസംഗമം കൂടിയാണ് വാര്‍ഷിക പൂജാദിനം.
പള്ളിത്തറ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ അവകാശികളില്‍ ഒന്ന് പൊന്നേം പറമ്പത്ത് കാരാണ് . ഉത്സവ ദിവസങ്ങളില്‍ എഴുന്നള്ളത്തിനും താലപ്പൊലിക്കും മേലാപ്പ് പിടിക്കുന്നത് ഈ തറവാട്ടുകാരില്‍ ഒരാളാണ്. ക്ഷേത്ര കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമുള്ളവരും ഈ തറവാട്ടിലുണ്ട്.

മൂന്നര നൂറ്റാണ്ടിലേറെ പാരമ്പര്യമുണ്ട് പൊന്നേം പറമ്പത്ത് തറവാടിന്. ഒന്‍പത് തലമുറകളുള്ള തറവാട്. ഒട്ടേറെ പ്രഗല്‍ഭ വ്യക്തികള്‍ക്ക് ജന്മം നല്‍കിയ തറവാട്. വിദ്യാഭ്യാസ സമ്പന്നമായ തറവാട്. പൈതൃക സംസ്‌കാര മുള്ള തറവാട്. നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമ്പാദനത്തിന് രക്തപ്രഭകളെ സംഭാവന ചെയ്ത തറവാട്. ഇനിയുമുണ്ട് വിശേഷണങ്ങള്‍ ഏറെ.

സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഫറോക്ക് പാലത്തിന് ബോംബ് വെച്ച കേസില്‍ പ്രധാന പ്രതിയെന്ന് പറയപ്പെടുന്ന കോമളം മരണപ്പെട്ട അപ്പുട്ടി സ്വാതന്ത്ര്യ ദേവതയുടെ ആലിംഗനം ലാത്തിയിലൂടെ വേണ്ടുവോളം അനുഭവിച്ച് മരണപ്പെട്ടവനാണ്. 1943 മെയ് 30 ന് ഫറോക്ക് പാലം വഴി വന്നിരുന്ന ബ്രിട്ട്രീഷ് പട്ടാളക്കാരെ കയറ്റിയ തീവണ്ടിയുടെ പ്രയാണം തടയാന്‍ വേണ്ടി ഫറോക്ക് പാലത്തിന് ബോംബ് വച്ചതില്‍ പ്രധാന പ്രതിയെന്ന് പറയപ്പെട്ടാണ് ശ്രീ അപ്പുട്ടിയെ അറസ്റ്റ് ചെയ്യ്തത്. ശ്രീ ഒ. രാഘവന്‍ നായര്‍, ശ്രീ കെ.ആര്‍. ശേഖരന്‍, ശ്രീ കോരുജി തുടങ്ങിയവരും അപ്പുട്ടിയോടൊപ്പം അറസ്റ്റിലായി. കഠിന തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി അവിടെനിന്നും ബെല്ലാരി ജയിലിലേക്കും ജയിലധികൃതരുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായതിന്റെ ഫലമായി ദേഹത്തുള്ള മുറിവുകള്‍ സെപ്റ്റിക്കായതിനാല്‍ അദ്ദേഹത്തെ പരോളില്‍ വിട്ടു. പരോളിലിറങ്ങിയ അദ്ദേഹം സ്വതന്ത്ര ഭാരതത്തിന്റെ ഒരു വര്‍ഷം മുന്‍പ് ഈ തറവാടിന്ന് നഷ്ടപ്പെട്ടു.

സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസിനകത്തെ ഇടതുപക്ഷ ചിന്താഗതിക്കാരനും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായ പുല്ലൂര്‍ വേലായുധന്‍ ജയില്‍വാസവും പോലീസ് മര്‍ദ്ദനവുമേറ്റ് രോഗാതുരനായി കാലഗതി പ്രാപിച്ച മറ്റൊരാളാണ്.

അകങ്കളിതമായ ദേശീയ ബോധവും, അചഞ്ചലമായ ആദര്‍ശ ധീരതയും, മൂല്യാധിഷ്ഠിത പൊതു ജീവിതം വരും തലമുറകള്‍ക്ക് മാതൃകയാക്കാനും ശ്രമിച്ച താന്നിപുറം അപ്പുണ്ണി തികഞ്ഞ ഗാന്ധി ഭക്തനായ കോണ്‍ഗ്രസ്സുകാരനായിരുന്നു. തന്റെ എളിയ ജീവിതരീതി കൊണ്ട് ഫറോക്ക് ഗാന്ധി എന്ന അപര നാമത്തിലാണെന്നറിയപ്പെട്ടിരുന്നത്.

സ്വാതന്ത്ര്യ സമര സേനാനി, സാഹിത്യകാരന്‍, പൊതുജന സേവകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ ഖ്യാതി നേടിയ പി.ടി.ചെറുചോയി മാസ്റ്ററുടെ നേതൃത്വത്തിന്റെ ശ്രമഫലമായുണ്ടായതാണ് വെസ്റ്റ് നല്ലൂര്‍. എല്‍.പി.സ്‌കൂളും, കരിവന്‍ തുരുത്തി റോഡും വെസ്റ്റ് നല്ലൂര്‍ റോഡും, ഫറോക്ക് ചന്തയിലെ ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയവ.

സ്വാതന്ത്യ പ്രവര്‍ത്തകനായ കോണ്‍ഗ്രസ്സുകാരന്‍, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച പുല്ലൂര്‍ അച്ചുതന്‍ ഫറോക്ക് – ചെറുവണ്ണൂര്‍ മേഖലയിലെ ഓട്ടു വ്യവസായ തൊഴിലാളികളെ സംഘടനാ ബോധവും രാഷ്ട്രീയ ബോധവും വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച മറ്റൊരാളാണ്.

പുതിയ സഹസ്രാബ്ദത്തിലാണ് പൊന്നേം പറമ്പത്ത് കുടുംബ കമ്മറ്റി എന്ന പേരില്‍ തറവാട്ടിലെ മുഴുവന്‍പേരെയും ഉള്‍പ്പെടുത്തി നിലവിലുള്ള കുടുംബകമ്മറ്റി രൂപീകരിച്ചത്. ഓണം, വിഷു തുടങ്ങിയ ആഘോഷ ദിവസങ്ങള്‍ ഒരു സംഭവത്തിന്റെ തുടക്കമായതിനാല്‍ തറവാട്ടില്‍ ഏതെങ്കിലും വീട്ടില്‍ മരണമുണ്ടായാല്‍ 16 ദിവസത്തിന് ശേഷമാണ് ആഘോഷ ദിവസങ്ങള്‍ വരുന്നതെങ്കില്‍ പ്രസ്തുത ദിനങ്ങള്‍ കൊണ്ടാടാവുന്നതാണ്. മറിച്ച് 16 ദിവസത്തിനുള്ളിലാണെങ്കില്‍ പുല വീടാത്തതു കാരണം ആഘോഷിക്കരുതെന്നും കുടുംബ സംഗമം, കുടുംബയോഗം, ഗൃഹ സന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടത്തണമെന്നുള്ളതും കമ്മറ്റിയുടെ തീരുമാനമാണ്. ക്ഷേത്ര സംബന്ധമായ കാര്യങ്ങളും, വാര്‍ഷിക പൂജയും അതിനോടനുബന്ധിച്ച പരിപാടികളും കുടുംബ കമ്മറ്റിയുടെ മേല്‍ നോട്ടത്തില്‍ തന്നെയാണ്. മരണാനന്തര ചടങ്ങുകള്‍ക്ക് സഹായ മൊരുക്കുന്നതും കുടുംബ കമ്മറ്റിയാണ്. മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാരിതോഷികം നല്‍കാറുണ്ട്. വര്‍ഷത്തില്‍ ഏറ്റവും മികച്ച വിജയം കൈവരിച്ച ഒരു കുട്ടിക്ക് പി.ടി. ചെറുചോയി മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ Best Tallented അവാര്‍ഡും നല്‍കാറുണ്ട്. തറവാട്ടിലെ ഓരോ അംഗത്തിന്റെയും വ്യക്തിഗത വിവരങ്ങള്‍ കമ്മറ്റി ശേഖരിച്ച് വെച്ചിട്ടുണ്ട് . കുടുംബ കമ്മറ്റിക്ക് mail@ponnemparambath എന്ന ഈ മെയില്‍ അഡ്രസ്സും www.ponnemparambath.com എന്ന വെബ്‌സൈറ്റും ഉണ്ട്.

സര്‍വ്വശ്രീ താനിപുറത്ത് വത്സന്‍, പടന്നയില്‍ അശോകന്‍, കളത്തില്‍ ബാലന്‍, താനിപുറത്ത് സഹദേവന്‍, എന്നിവര്‍ രക്ഷാധികാരികളായുള്ള കുടുംബ കമ്മറ്റിക്ക് സര്‍വ്വശ്രീ പടന്നയില്‍ സുന്ദരന്‍, പുല്ലൂര്‍ രാമുട്ടി, സുധാകരന്‍, കണിയാരില്‍ ബാലന്‍, കോമളം അപ്പുട്ടി, രഘുനാഥന്‍, പ്രേമന്‍, സത്യന്‍, മങ്ങാട്ട് രാമുട്ടി, മുക്കോണത്ത് ഗോപി, പുല്ലൂര്‍ രാജന്‍, കളത്തില്‍ നാരായണന്‍, രാജന്‍, ഉണ്ണിരാജന്‍, പ്രബീഷ്,വേണു,ഗിരീഷ്, ദിലീപ്, പ്രേമാനന്ദന്‍, അരുണ്‍, സുന്ദരന്‍,ഷിബു, വെളുത്തേടത്ത് സുകു എന്നീ 23 അംഗ പ്രവര്‍ത്തക സമിതിയുണ്ട്. പ്രസിഡന്റ് ശ്രീ സുധാകരനും , വൈസ് പ്രസിഡന്റ് ശ്രീ കണിയാരില്‍ ബാലനും സിക്രട്ടറി ശ്രീ രാജനും, ജോ: സിക്രട്ടറി ശ്രീ വേണുവും ട്രഷറര്‍ ശ്രീ ഉണ്ണി രാജനുമാണ്. ശ്രീ രഘുനാഥനും, ശ്രീ കോമളം അപ്പുട്ടിയുമാണ് ഓഡിറ്റര്‍മാര്‍. ഇന്ന് 85 വീടുകളിലായി 105 കുടുംബങ്ങളില്‍ 342 പേരാണ് ഈ തറവാട്ടിലുള്ളത്. ഇതില്‍ പുരുഷന്‍മാര്‍ 157 പേരും സ്ത്രീകള്‍

185 പേരുമാണ്. താനിപുറത്ത് വത്സനാണ് ഈ തറവാടിന്റെ കാരണവര്‍. പ്രായം ശരീരത്തിനെയും മനസ്സിനെയും ബാധിക്കാനനുവദിക്കാത്ത അദ്ദേഹം കുടുംബ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ പങ്കാളിത്തം വഹിക്കുന്നു. പരേതനായ ചോയിണ്ണിയുടെ സഹധര്‍മ്മിണി കാര്‍ത്യായനിയാണ് കാരണവസ്ത്രീ. കടലുണ്ടി ഇടച്ചിറയിലെ പരേതരായ അണ്ടിശ്ശേരി കുട്ടന്റെയും കുട്ടിപ്പേരിയുടെയും മകളാണ്. 1946 ലാണ് ഈ തറവാടിന്റെ മരുമകളായത്.

ദാമ്പത്യത്തിന്റെ അന്‍പതിലേറേ സുവര്‍ണ്ണ വര്‍ഷങ്ങള്‍ പിന്നിട്ട അശോകന്‍, കാര്‍ത്യായനി, വത്സന്‍, സരോജിനി, സുന്ദരന്‍ – ശാരദ എന്നീ മൂന്നു ദമ്പതികളും ഈ തറവാട്ടിലുണ്ട്. ഈ തറവാട്ടില്‍ 51. 41 % പേര്‍ യുവാക്കളും യുവതികളുമാണ്. 31.02 % പ്രായമുള്ളവരും. 17.57 % കുട്ടികളുമാണ്.

കൃഷിയിലൂടെയും കച്ചവടത്തിലൂടെയും ജീവിത മാര്‍ഗം കണ്ടെത്തിയവര്‍ മൂന്‍പ് ഏറെപ്പേരുണ്ടായിരുന്നു. ഇന്ന് വളരെ ചുരുക്കം പേര്‍ക്ക് വീട്ടു വളപ്പിലെ തെങ്ങാണ് പ്രധാന കൃഷി. കച്ചവടം മുഖ്യ തൊഴിലാക്കി മാറ്റിയവര്‍ ഏറെപ്പേരുണ്ട് ഈ തറവാട്ടില്‍. സ്ഥായിയായി തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിരുന്ന ഓട്ടു വ്യവസായം പല കുടുംബങ്ങള്‍ക്കും താങ്ങായിട്ടുണ്ടായിരുന്നു. ഓട്ടുകമ്പനിയില്‍ പണയെടുക്കുന്നവരും, വിരമിച്ചു പെന്‍ഷന്‍ പറ്റുന്നവരുമായി 20 ഓളം പേരുണ്ട്. ഉയര്‍ന്ന ഉദ്യോഗത്തിലിരിക്കുന്നവരും വിരമിച്ചവരും ഉണ്ട്. കേന്ദ്രസംസ്ഥാന സര്‍വ്വീസിലുള്ളവര്‍ ബാങ്കിങ്ങ് ഇതര പൊതു മേഖലാസ്ഥാപനത്തിലുള്ളവര്‍, എഞ്ചിനീയര്‍മാര്‍, അദ്ധ്യാപികമാര്‍, ബാസിനസ്സ് രംഗത്തുള്ള യുവാക്കള്‍, ദിവസ വേതനക്കാര്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, വിദേശത്ത് ജോലി ചെയ്യുന്നവര്‍ തുടങ്ങി സ്ഥിരവരുമാനമുള്ള ജോലിയുള്ള ഒരംഗമെങ്കിലും ഓരോ കുടുംബത്തിലുമുണ്ട്. ഏതാണ്ട് 39 % പേരും സ്വന്തമായി ഉപജീവന മാര്‍ഗമുള്ളവരാണ്. 23.68 % പേര്‍ വീട്ടമ്മമാരാണ്. 4 % പേര്‍ പെന്‍ഷനര്‍മാരുമാണ്. താരതമ്യേന വിദ്യാ സമ്പന്നമാണ് ഈ തറവാട്. 19 % പേര്‍ വിദ്യാര്‍ത്ഥികളാണ്. ഇളം തലമുറയിലെ പെണ്‍ക്ട്ടികള്‍ക്കാണ് വിദ്യാഭ്യാസം കൂടുതല്‍ . കുടുംബകമ്മറ്റി പി.ടി.ചെറുചോയി മാസ്റ്ററുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ Best Tallented അവാര്‍ഡിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ അര്‍ഹരായത് നൊട്ടിംതൊടി രഘുനാഥന്റെ മകള്‍ ധീഷ്ണ, നൊട്ടീംതൊടി സുരേശന്റെ മകള്‍ സുചേത, വളപ്പില്‍ പ്രേമന്റെ മകള്‍ പ്രവീണ, ശിവപ്രിയയില്‍ സദാശിവന്റെ മകള്‍ അശ്വതി എന്നിവരാണ്.

ഈ തറവാട്ടിലെ 84 കുടുംബം ഫറോക്ക് പഞ്ചായത്തില്‍ താമസിക്കുന്നു. 12 പേര്‍ ഫറോക്കിന് പുറത്ത് കോഴിക്കോട് ജില്ലയിലും 4 പേര്‍ കോഴിക്കോട് ജില്ലക്ക് പുറത്തും, 7 കുടുംബങ്ങള്‍ കേരളത്തിന് പുറത്തുമാണ്.